ദില്ലി:നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍ ബിജെപി ഭരണം ഏറെക്കുറെ ഉറപ്പാക്കിയതിനിടെ വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി കുതിപ്പ് തുടരുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം പിടിച്ചെടുക്കാനായത്. ഇതിനിടെയാണ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപേയാഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ വോട്ടിങ് യന്ത്രത്തെ പഴിച്ചുകൊണ്ടാണ് പ്രതിഷേധം. നേരത്തെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ വിജയം കോണ്‍ഗ്രസ് നേടിയപ്പോള്‍ ഉള്‍പ്പെടെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നില്ലെന്നിരിക്കെയാണിപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഏറെക്കുറെ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേയാഗിച്ചുള്ള തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണിപ്പോള്‍ പുരോഗമിക്കുന്നത്.