വേമ്പനാട്ട് കായലിനടിയിൽ ഒരു മീറ്റർ കനത്തിൽ 3000 ടൺ പ്ലാസ്റ്റിക് മാലിന്യം

news image
Mar 18, 2023, 1:57 pm GMT+0000 payyolionline.in

പനങ്ങാട്: വേമ്പനാട്ട് കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞതായി കുഫോസ് (കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല) പഠനം. 2019ലെ കണക്കു പ്രകാരം ഓരോ ചതുരശ്ര കിലോ മീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നാണു കണ്ടെത്തൽ. ഇതുൾപ്പെടെ കായൽ നശീകരണം, കയ്യേറ്റം എന്നിവയുടെ വിശദ രേഖയും  സർക്കാരിനു സമർപ്പിക്കും.

തണ്ണീർമുക്കം കെടിഡിസി റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസലർ ഡോ. എം. റോസലിന്റ് ജോർജ് മന്ത്രി വി.എൻ. വാസവന് റിപ്പോർട്ട് കൈമാറും. എംപിമാരായ എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ പങ്കെടുക്കും.

സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷനാണ് 5 വർഷത്തെ പഠനം പൂർത്തിയാക്കിയത്. മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദീതീരങ്ങളിലും കുട്ടനാട്ടിലും ഉള്ള പ്രളയ സാധ്യതകളും തടയേണ്ട മാർഗങ്ങളും റിപ്പോർട്ടിലുണ്ട്. അവതരണവും ഉണ്ടാകും. കായൽ സംരക്ഷണ രേഖ മുൻനിർത്തി വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടുള്ള ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി നാളെ ചർച്ചയുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe