പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച രീതിയില്‍ മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. പുതിയാപ്പ സ്വദേശികളായ വൈശാഖിന്റെ ദേവീപ്രസാദം ബോട്ടും സി.കെ പദ്മനാഭന്റ്റെ സഹസ്രധാര ബോട്ടുമാണ് ഫിഷറീസ് വകുപ്പ് പിടികൂടിയത്. മത്സ്യ സമ്പത്ത് കുറക്കുന്നതിന് കാരണമാവുന്ന നിരോധിച്ച മീൻ പിടുത്ത രീതിയായ കരവലി, നൈറ്റ് ട്രോളിങ് എന്നിവ നടത്തിയതാണ് കുറ്റം. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ വലക്കും മറ്റും നാശനഷ്ടം ഉണ്ടാക്കുന്ന രീതികൂടിയാണിത്.
പയ്യോളി തീരത്ത് നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാം കല്ലിന് സമീപത്ത് നിന്ന് രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.അനീഷ് നിയമനടപടികൾ പൂർത്തീകരിച്ച് പിഴ ഈടാക്കി. ബേപ്പൂർ ഫിഷ റീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീറിൻ്റെ നേത്യത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ്റ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് ഷൺമുഖൻ.പി, ഫിഷറീസ് ഗാർഡുമാരായ അരുൺ. ബിബിൻ, ജിതിൻദാസ്, എലത്തൂർ കോസ്റ്റൽ പോലീസ് ഭുവനാഥൻ. നൗഫൽ റെസ്ക്യൂ ഗാർഡുമാരായ മിഥുൻ ഹമിലേഷ് എന്നിവരും രാത്രികാല പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.