വെള്ളത്തിനായി ജീവനൊടുക്കാൻ ശ്രമിച്ച കര്‍ഷകന് ആശ്വാസം; കളക്ടര്‍ നടപടി തുടങ്ങി

news image
Feb 2, 2024, 2:30 pm GMT+0000 payyolionline.in

കോട്ടയം: എട്ടു വർഷം വെള്ളത്തിനായി കാത്തിരുന്ന കർഷകൻ അത് ലഭിക്കാതെ വന്നപ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കർഷകനായ എൻജി ബിജുമോന് ക്യഷിക്കാവശ്യമായ വെള്ളം ലഭിക്കാൻ നടപടി സ്വീകരിച്ചതായി കോട്ടയം ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ്  സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. പരാതി 15 ദിവസത്തിനകം പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ തിരുവാർപ്പ് കൃഷി ഓഫിസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിജുമോന്റെ കൂവപ്പുറം പാടശേഖരത്തിലുള്ള ബ്ലോക്ക് 15-ൽ 0.5342 ഹെക്ടർ നിലത്തിനാണ് കൃഷിക്ക് വെള്ളം ആവശ്യമായി വന്നത്. ബിജുമോൻ നിർമ്മിച്ച വാച്ചാൽ  അയൽപക്കത്തിലുള്ള നിലം ഉടമകൾ അടച്ചതോടെയാണ് നീരൊഴുക്ക് തടസപ്പെട്ടത്. ഇരു കക്ഷികളും തമ്മിൽ തർക്കമുണ്ടാവുകയും കോടതിയിൽ കേസ് സമർപ്പിക്കുകയും ചെയ്തു. കോടതി വിധി ബിജുമോന്  എതിരായിരുന്നു. തുടർന്ന് തിരുവാർപ്പ് പഞ്ചായത്തിലും കൃഷി വകുപ്പിലും ബിജുമോൻ പരാതി നൽകി.

തിരുവാർപ്പ് പഞ്ചായത്ത് ഇരു കക്ഷികളെയും വിളിച്ചുവരുത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും എതിർകക്ഷി വഴങ്ങിയില്ല. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 3 ന്  തിരുവാർപ്പ് പഞ്ചായത്തിലെത്തി ബിജുമോൻ  ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് അനുരഞ്ജന ചർച നടന്നു. ഓഗസ്റ്റ് 7ന് ക്യഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കർഷകൻ്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി.

എതിർകക്ഷിയായ രാജപ്പൻ നായർ തങ്ങളുടെ ഭൂമിയിലുണ്ടായിരുന്ന നീർച്ചാൽ അടച്ചതാണ്  ബിജുമോന് വെള്ളം നിഷേധിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിവരം കോട്ടയം ആർ ഡി ഒ യെ അറിയിക്കാൻ കൃഷി ഓഫീസർക്ക് നിർദ്ദേശം  നൽകിയിട്ടുണ്ടെന്ന് തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടറുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe