കോഴിക്കോട്∙ വീസ തട്ടിപ്പുകേസിൽ കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ തായത്ത് അലി (56)യെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ബേപ്പൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 80,000രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ പരാതി.
സെക്യുരിറ്റി ജീവനക്കാരനു പ്രതി നൽകിയത് വ്യാജവീസയും വിമാന ടിക്കറ്റും ആയിരുന്നു. ഗൾഫിൽ പോകേണ്ട തീയതിയുടെ തലേന്ന് ട്രാവൽ ഏജൻസിയിൽ ടിക്കറ്റ് പരിശോധിക്കാനെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലായത്. വീസതട്ടിപ്പു കേസിൽ തായത്തലിക്കെതിരെ ബേപ്പൂർ സ്വദേശികളായ രണ്ടു യുവാക്കളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. ഫറോക്കിലും നിലമ്പൂരിലും ഉൾപ്പെടെ മുപ്പതിലധികം കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദേശത്തും നാട്ടിലുമുള്ള വ്യക്തിബന്ധം ഉപയോഗപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. കുറച്ചുകാലം കാസർകോട് താമസിച്ചിരുന്ന ഇയാള്‍ ഇപ്പോൾ കോഴിക്കോട് മീഞ്ചന്തയിലാണു താമസം. ഓൾ കേരള ഹജ്ജ് വെൽഫെയർ കമ്മിറ്റി സംസ്ഥാന അധ്യക്ഷൻ എന്നു പരിചയപ്പെടുത്തിയാണ് പ്രതി തട്ടിപ്പു നടത്തുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ ആളുകളെ കയ്യിലെടുക്കാനും ഇയാൾ സമർഥനാണ്. തിരിച്ചറിയൽ കാർഡില്‍ തായത്തലി എന്നാണു പേരെങ്കിലും പാസ്പോർട്ടിൽ ഇയാൾക്ക് മറ്റൊരു പേരാണ്. ബേപ്പൂർ സി.ഐ. ബിശ്വാസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ കെ.ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.