അതിരപ്പള്ളിയിൽ മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കുന്നതിനായി മയക്കുവെടിവയ്ക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആനയെ മയക്കുവെടി വയ്ക്കുമ്പോൾ സമീപത്ത് മറ്റൊരാനയും ഉണ്ടായിരുന്നു. ഏഴാറ്റുമുഖം ഗണപതി! വെടിയേറ്റ ആന തളർന്നുവീഴുന്നത് കണ്ട ഗണപതി താങ്ങിനിർത്താൻ ശ്രമിക്കുന്ന രംഗം ഏവരുടെയും ഹൃദയം കവർന്നു. രണ്ട് കാട്ടാനകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കുങ്കിയാനകളെ ചുറ്റിലും നിർത്തിയശേഷം ദൗത്യസംഘം ആനയുടെ മുറിവ് വൃത്തിയാക്കുകയും മരുന്നുവയ്ക്കുകയും ചെയ്‌തു. കുങ്കിയാനകളെ ഉപയോഗിച്ചാണ് കാട്ടാനയെ ലോറിയിലേക്ക് കയറ്റിയത്. തലയോട്ടിയിലാണ് മുറിവ്. അണുബാധ ഏതെല്ലാം അവയവങ്ങളെ ബാധിച്ചെന്ന് വ്യക്‌തമല്ല. തലച്ചോറിലേക്ക് അണുബാധ ബാധിച്ചാൽ തുമ്പിക്കൈ തളർന്നുപോകാൻ സാധ്യതയുണ്ട്. ചികിത്സയിലൂടെ മുറിവ് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അരുൺ സക്കറിയ പറഞ്ഞു.