‘വീണ്ടും വെറുപ്പിന്‍റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്’; സന്ദീപ് വാര്യർ എത്തിയത് നല്ല കാര്യമെന്ന് മുരളീധരൻ

news image
Nov 16, 2024, 8:42 am GMT+0000 payyolionline.in

പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയത് നല്ല കാര്യമെന്ന് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് വരാമായിരുന്നു. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നു. രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന്  ക്ഷമാപണം ആകുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. സ്നേഹത്തിന്‍റെ കടയിലെ മെമ്പർഷിപ്പ് എപ്പോഴും നിലനിർത്തണം. വീണ്ടും വെറുപ്പിന്‍റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്. ഗാന്ധിവധം സംബന്ധിച്ച പരാമർശം ബിജെപിക്ക് വേണ്ടി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഇനി അതിനെപ്പറ്റി ആലോചിക്കേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

 

അതേസമയം, മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്നേഹത്തിന്‍റെ കടയിൽ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നുമാണ് പത്മജ വേണുഗോപാലിന്‍റെ പ്രതികരണം. ഇനി ഇത്രയും കാലം പറ‍ഞ്ഞതൊക്കെ വിഴുങ്ങേണ്ടയെന്നും ഇപ്പോഴെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ  വലിയ കസേരകൾ കിട്ടട്ടെ എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പരിഹാസരൂപേണയുള്ള പരാമർശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺ​ഗ്രസിൽ ചേർത്തത്.

പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതൊരു  അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങൾ ഉറപ്പിച്ചോളൂ. ഈ കോൺ​ഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe