തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിലെ പ്രതി അഖിൽ സജീവ് തന്നെ നേരിൽ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി പരാതിക്കാരൻ ഹരിദാസ്. മാർച്ച് 10 ന് നിയമനം ശരിയാക്കാമെന്നാവശ്യപ്പട്ട് അഖിൽ സജീവൻ നേരിട്ട് വീട്ടിൽ വന്നുവെന്നായിരുന്നു ഹരിദാസിന്റെ ആദ്യ മൊഴി. എന്നാൽ ഇന്നേവരെ അഖിൽ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് തിരുത്തി മൊഴി നൽകിയത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ കേസിലെ മുഖ്യ ആസൂത്രകൻ ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നലെ മഞ്ചേരിയിൽ അറസ്റ്റിലായ ബാസിത്തിനെ ഇന്ന് കന്റോവ്മെൻ്റ് സ്റ്റേഷനിലെത്തിക്കും.ഡോക്ടർ നിയമനത്തിനായി ഒരു ലക്ഷം കോഴ വാങ്ങിയത് ബാസിത്താണെന്നും, മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ബാസിത്ത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നുമാണ് ഹരിദാസന്റെ മൊഴി.
എന്നാൽ മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിക്കാൻ ബാസിത്ത് എന്തിന് ഭീഷണിപ്പെടുത്തിയെന്നാണ് പൊലിസിന്റെ അന്വേഷണം. കോഴ നൽകിയതിലും ഗൂഢാലോചനയിലും ഹരിദാസന്റെ പങ്ക് പൊലീസ് തള്ളുന്നില്ല. ഹരിദാസനെ കൊണ്ട് കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കേസിലെ മറ്റൊരു പ്രതി റഹീസിന്റെ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.
വ്യാജ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തിൽ പരാതിക്കാരനായ ഹരിദാസനെയും പ്രതി ചേർത്തേക്കും. ഗൂഢാലോചനയിൽ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലാണ് പ്രതി ചേർക്കാൻ ആലോചിക്കുന്നത്. ഹരിദാസൻ കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ഹരിദാസനെ സാക്ഷിയാക്കാനായിരുന്നു ആദ്യത്തെ ആലോചന. എന്നാൽ ഒപ്പം തുടക്കം മുതലുണ്ടായിരുന്ന ബാസിത്തിനെതിരെ ഹരിദാസൻ നൽകിയ മൊഴി പരിശോധിച്ചാണ് പ്രതി ചേർക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തുന്നത്.