തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ കെഎസ്ഐഡിസി ഇറക്കിയത് സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ എന്ന അഭിഭാഷകനെ. ഹൈക്കോടതിയിൽ കഴിഞ്ഞ 24ന് ഓൺലൈനായി ഹാജരായ ഇദ്ദേഹം ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കെഎസ്ഐഡിസിക്കു കത്തു നൽകി. പുറമേ ഓഫിസ് ചാർജും നൽകണം. തുടർന്നുള്ള സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകുമെന്നാണു സൂചന.
വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിലായ സിഎംആർഎലിൽ 13.4% അഥവാ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്.
എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടർന്നു കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നടത്തുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷിയുമാണ് കെഎസ്ഐഡിസി.
അന്വേഷണക്കുരുക്കു മുറുകുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ സമീപിച്ചത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ മാനേജ്മെന്റ് സർക്കാർ നിർദേശമില്ലാതെ ഇതിനു മുതിരില്ല.