വീട്ടിലോ യാത്രാമധ്യേയോ പ്രസവിക്കേണ്ടി വരുന്ന സാഹചര്യം ചിലർക്ക് നേരിടേണ്ടി വരാറുണ്ട്. കോഴിക്കോട്ട് വീട്ടിൽ പ്രസവിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ ചര്‍ച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്.വീട്ടില്‍ പ്രസവിച്ചതിനാല്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം, എന്നാല്‍ പ്രസവത്തിന് ശേഷം രണ്ട് വര്‍ഷം പിന്നിട്ടിട്ടും ജനനം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും, അതാണ് ചട്ടമെന്നും അധികൃതരും വിശദീകരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ വീട്ടിലോ യാത്രമധ്യേയോ പ്രസവിക്കുന്നതായുള്ള വാര്‍ത്തകള്‍ ഇടയ്‌ക്കെങ്കിലും പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ ആശുപത്രിയില്‍ അല്ലാതെ പ്രസവിക്കേണ്ടി വന്നാല്‍ നിയമപ്രകാരം ചെയ്യേണ്ടത് എന്താണ്? ജനന-മരണ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ എന്തൊക്കെയെന്ന് സംസ്ഥാന രജിസ്ട്രാര്‍ ത്രേസ്യാമ്മ ആന്റണി വിശദീകരിക്കുന്നു.
ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത് 1969ലെ ജനന-മരണ രജിസ്ട്രഷന്‍ നിയമം അടിസ്ഥാനമാക്കിയാണ്. ജനനമോ മരണമോ എവിടെവെച്ച് സംഭവിച്ചാലും അത് രജിസ്റ്റര്‍ ചെയ്യപ്പെടണം. രജിസ്റ്റര്‍ ചെയ്യാത്ത ജനനത്തിനോ മരണത്തിനോ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമമില്ല. പ്രത്യേക സ്ഥലത്തുവെച്ച് നടന്നാലേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ എന്നല്ല നിയമത്തിലുള്ളത്. 1969ലെ ജനന മരണ രജിസ്‌ട്രേഷന്‍ സെക്ഷന്‍ 8,9 കളിലാണ് ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിബന്ധനകളെ കുറിച്ച് പറയുന്നത്.
വീട്ടിലാണ് പ്രസവം നടക്കുന്നതെങ്കില്‍ ആ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാള്‍ ഈ വിവരം തൊട്ടടുത്തുള്ള രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. ബാക്കി വിവരങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത് അതത് രജിസ്ട്രാറുടെ ഉത്തരവാദിത്തമാണ്. രജിസ്‌ട്രേഷന് മാതാപിതാക്കള്‍ നേരിട്ട് എത്തണമെന്നില്ല.
21 ദിവസത്തിനുള്ളില്‍ ഫോം നമ്പര്‍ 1-ല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഓണ്‍ലൈനായി ചെയ്യാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
രജിസ്‌ട്രേഷന്‍ വൈകിയാല്‍ എന്ത് ചെയ്യും?
ജനന-മരണ രജിസ്‌ട്രേഷന്‍ 21 ദിവസത്തിലേറെ വൈകിയാല്‍ 30 ദിവസം വരെയുള്ള കാലയളവില്‍ രണ്ട് രൂപ ഫൈനോട് കൂടിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 31 ദിവസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാല്‍ അഞ്ച് രൂപ ഫൈനോട് കൂടെ ജില്ലാ രജിസ്‌ട്രേഷന്‍ യൂണിറ്റിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഒരു വര്‍ഷത്തിന് ശേഷം എത്രവൈകിയാലും ആര്‍.ഡി.ഒയുടെ അനുമതി വാങ്ങിക്കൊണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാലുടന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം. രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍ യാതൊരു കാരണവശാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.
ഏതൊക്കെയാണ് രജിസ്‌ട്രേഷന്‍ യൂണിറ്റുകള്‍
ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഏറ്റവും അടുത്ത രജിസ്‌ട്രേഷന്‍ യൂണിറ്റ് പഞ്ചായത്ത് ഓഫീസാണ്. ഈ പരിധിയിലാണ് ജനനം/മരണം നടന്നതെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് പഞ്ചായത്തിലാണ്.
കേരളത്തിലെ രജിസ്‌ട്രേഷന്‍ യൂണിറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. കേരളത്തിലെ 944 ഗ്രാമപഞ്ചായത്തുകള്‍, 85 നഗരസഭകള്‍, ആറ് കോര്‍പ്പറേഷനുകള്‍, ഇതുകൂടാതെ കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയും രജിസ്‌ട്രേഷന്‍ യൂണിറ്റുകളാണ്. കേരളത്തില്‍ മൊത്തമായി 1035 രജിസ്‌ട്രേഷന്‍ യൂണിറ്റുകളുണ്ട്.
യാത്രാമധ്യേ വാഹനത്തില്‍ പ്രസവിച്ചാല്‍ എന്ത് ചെയ്യും?
യാത്രയ്ക്കിടെ ആംബുലന്‍സിലോ ബസ്സിലോ പ്രസവിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ സംഭവിച്ചാല്‍ ഏത് പരിധിയിലാണോ ജനനം നടക്കുന്നത് അതത് തദ്ദേശസ്ഥാപനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതത് രജിസ്ട്രാര്‍മാര്‍ ഇത് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം രജിസ്‌ട്രേഷന്‍ നടത്തും. മരണം രജിസ്റ്റര്‍ ചെയ്യാനും ഇതാണ് രീതി. കെ-സ്മാര്‍ട്ട് വഴി ബന്ധിപ്പിച്ചതിനാല്‍ നടപടികള്‍ സുതാര്യമാണ്.ആശുപത്രികളിലാണ് ജനനമോ മരണമോ നടക്കുന്നതെങ്കില്‍ രജിസ്‌ട്രേഷന് പ്രത്യേകമായി സംവിധാനങ്ങളുണ്ട്. മെഡിക്കല്‍ ഓഫീസറാണ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്തൊക്കെ രേഖകളാണ് രജിസ്റ്റര്‍ ചെയ്യാനായി വേണ്ടത്?
രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നമ്പര്‍ 1 പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. കുട്ടിയുടെ പേര്, ലിംഗം, വിലാസം, രക്ഷിതാക്കളുടെ പേരും വിലാസവും, കുട്ടിയുടെ ജനനസ്ഥലം, ജനന സമയം, വിവരം നല്‍കുന്നയാളുടെ പേരും വിലാസവും, രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, രക്ഷിതാക്കളുടെ വയസ്സ്, കുട്ടികളുടെ എണ്ണം, ജനനരീതി(സ്വാഭാവിക പ്രസവം, സിസേറിയന്‍ മുതലായവ), കുഞ്ഞിന്റെ ഭാരം, പ്രായം(ആഴ്ച) തുടങ്ങി അടിസ്ഥാനവിവരങ്ങള്‍ മാത്രമാണ് ജനനം റിപ്പോര്‍ട്ട് ചെയ്യാനായി വേണ്ടത്. ഈ വിവരങ്ങള്‍ക്ക് പുറമേ യാതൊരു രേഖകളും കൊടുക്കേണ്ടതില്ല.