‘വീട്ടിൽനിന്നു പോകുന്നവർ തിരികെ ശവപ്പെട്ടിയിൽ വരരുത്’; റോഡുകളെപ്പറ്റി ഹൈക്കോടതി

news image
Sep 20, 2022, 4:09 am GMT+0000 payyolionline.in

കൊച്ചി ∙ വീട്ടിൽ നിന്നിറങ്ങുന്നവർ ശവപ്പെട്ടിയിൽ അല്ല, സുരക്ഷിതമായും ജീവനോടെയും മടങ്ങിവരുമെന്ന് ഉറപ്പാക്കാനാണു കോടതി ശ്രമിക്കുന്നതെന്നു റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച കേസിൽ ഹൈക്കോടതി. റോഡിലൂടെ യാത്ര ചെയ്തശേഷം സുരക്ഷിതമായി മടങ്ങിവരാനാകുമെന്നുള്ള ഉറപ്പ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണമെന്ന് അറിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യാഥാർഥ്യം കാണണമെങ്കിൽ റോഡിലെ കുഴി മൂലം അപകടമുണ്ടായി മരിച്ചയാളുടെ വീട്ടിൽ പോകണം.

 

അപകടം ഒരു തലമുറയെ മുഴുവൻ നശിപ്പിക്കുകയാണ്. എൻജിനീയർ അറി‍ഞ്ഞിട്ടും കുഴി അടയ്ക്കാത്തതു മൂലമുള്ള  അപകടങ്ങൾ മറ്റെവിടെയും ഉണ്ടാകുന്നില്ല. റോഡുകളിലെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്നു കോടതി നിർദേശിച്ചു. റോഡു തകർന്നാൽ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്ക് ആയിരിക്കും. അവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനായി സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോൾ ഖജനാവ് മുഴുവൻ ഒന്നിച്ചു വയ്ക്കുന്നതിനെക്കാൾ ഒരു പൗരന്റെ ജീവനു മൂല്യമുണ്ടെന്നു കോടതി പറഞ്ഞു. മഴ പെയ്താൽ കുഴിവരുമെന്നാണു പറയുന്നത്. മഴ വന്നാൽ കുടയെടുക്കണമെന്നു കേട്ടിട്ടുണ്ട്. മഴ വന്നാൽ കുഴിവരുമെന്ന് ആദ്യമായിട്ടാണു കേൾക്കുന്നതെന്നു കോടതി പറഞ്ഞു.

 

റോഡിലെ കുഴിയിൽ ബൈക്ക് വീണ് പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആലുവ–പെരുമ്പാവൂർ റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് എൻജിനീയറോടു ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നു പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ് സൂപ്രണ്ടിങ് എൻജിനീയർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ ഹാജരായിരുന്നു. റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് ഉന്നത അധികൃതരെ അറിയിച്ചെങ്കിലും റോഡിന്റെ നിയന്ത്രണം കേരള റോഡ് ഫണ്ട് ബോർഡിനു കൈമാറാൻ നിർദേശമുള്ളതിനാൽ നടപടിയെടുക്കേണ്ടെന്നാണ് അറിയിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ അറിയിച്ചു.

എന്നാൽ റോഡിന്റെ ചുമതല ജൂൺ 27നാണു ലഭിച്ചതെന്നും ‘റെക്കോർഡ് വേഗത്തിൽ’ ജൂലൈ 14നാണു ജോലി ആരംഭിച്ചതെന്നും കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാർ അറിയിച്ചു. എന്നാൽ ഇതാണ് പ്രശ്നമെന്നു കോടതി പറഞ്ഞു. ആഴ്ചകൾക്കു മുൻപേ റോഡ് മോശം അവസ്ഥയിലായിരുന്നു. എന്നാൽ കുറച്ച് ആഴ്ചകൾക്കുശേഷമാണ് ജോലി ആരംഭിച്ചത്. ഇതാണ് ‘റെക്കോർഡ് വേഗം എന്നു പറയുന്നത്. ഈ മന്ദഗതി അനുവദിക്കാനാവില്ല. 2018 ഒക്ടോബറിൽ കോടതി ഇക്കാര്യത്തിൽ ഉത്തരവിട്ടതാണ്. എന്നാൽ നാലു വർഷത്തിനു ശേഷവും സാഹചര്യങ്ങൾ മാറിയിട്ടില്ലെന്നും വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe