ഇടുക്കി : സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെ, പാർട്ടി നിർദ്ദേശം ലംഘിച്ച് പരസ്യ പ്രകടനം നടത്തിയ നേതാക്കൾക്കെതിരെ ഇടുക്കി ഡി.സി.സി നടപടിയെടുത്തു. വി.ഡി. സതീശന് അനുകൂലമായി പ്രചാരണം നടത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി ഉൾപ്പെടെയുള്ള നാല് പേരെ പദവികളിൽ നിന്ന് നീക്കം ചെയ്തു. ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ചുള്ള സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി ഗ്രൂപ്പ് തിരിഞ്ഞുള്ള അവകാശവാദങ്ങൾ കോൺഗ്രസിൽ ശക്തമാണ്. എ.ഐ.സി.സി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തങ്ങൾക്കാണെന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അവകാശപ്പെടുന്നുണ്ട്. കെ.സി. വേണുഗോപാലിന് 48 പേരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. സതീശൻ പക്ഷം 35 പേരുടെയും ചെന്നിത്തല വിഭാഗം 23 പേരുടെയും പിന്തുണ അവകാശപ്പെടുന്നു. ഡൽഹിയിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
