വിവാഹത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ‘കൊച്ചുപയ്യനല്ലേ… ഇപ്പോ ആലോചിച്ചിട്ടില്ല’

news image
Oct 25, 2024, 8:20 am GMT+0000 payyolionline.in

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പാലക്കാട്ട് ചർച്ചാവിഷയമായി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിവാഹവും. കൊച്ചുപയ്യനല്ലേ എന്നും ഇപ്പോ വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും രാഹുൽ  വ്യക്തമാക്കി.

വിവാഹകാര്യത്തെ കുറിച്ച് മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കിയെന്ന് വീട്ടിലെത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. എല്ലാ ചാനലുകാരും ഇക്കാര്യം ചോദിച്ചതായി അമ്മ പറഞ്ഞു. തിരക്കേറിയ സമയമായതിനാൽ ഉടൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി.

മതേതരത്വത്തിന്‍റെ ഇതിഹാസം പാലക്കാട് തീർക്കാൻ പറ്റുമോ എന്ന പരീക്ഷണയോട്ടത്തിലാണെന്ന് രാഹുൽ പറഞ്ഞു. പരീക്ഷണയോട്ടം വിജയിക്കുമെന്ന വിശ്വാസത്തിലാണ്. കെ.എസ്.യുവിൽ പ്രവർത്തിക്കുന്ന കാലത്ത് പാലക്കാടിന്‍റെ ചുമതല വഹിച്ചിരുന്നു. പാലക്കാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

പത്തനംതിട്ടയുമായി സാദൃശ്യമുള്ള പ്രദേശമാണ് പാലക്കാട്. രണ്ടിടത്തെ ഗ്രാമപ്രദേശങ്ങൾ സമാനമാണ്. കൃഷികാര്യങ്ങളിൽ മാത്രമാണ് വ്യത്യാസമുള്ളത്. ‘ആർദ്രത’ എന്നതാണ് പാലക്കാടിനെ വിശേഷിപ്പിക്കാനുള്ള ഏറ്റവും യോജിച്ച വാക്ക്.

പാലക്കാട് വാടകക്കെടുത്ത ഫ്ലാറ്റിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഫ്ലാറ്റ് വാങ്ങിക്കാൻ നിലവിൽ നിവർത്തിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

ജനപ്രതിനിധിയാകാൻ എല്ലാവർക്കും കൊതിതോന്നുന്ന നാട്ടുകാരാണ് പാലക്കാടുള്ളതെന്നും എല്ലാവരും മൽസരിക്കട്ടെ എന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. എന്താണ് പോരാട്ടമെന്നും എന്താണ് ലക്ഷ്യമെന്നും ജനത്തിന് അറിയാമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe