അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ കുറ്റവാളിക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈകോടതി. മാർച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രമേശ് ചന്ദാനക്കാണ് പത്തു ദിവസത്തെ പരോൾ അനുവദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചന്ദാന പരോളിനായി അപേക്ഷ നൽകിയത്.
ഗുജറാത്ത് സർക്കാർ പ്രതികൾക്ക് അനുവദിച്ച ശിക്ഷ ഇളവ് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ജനുവരി 21നാണ് പ്രതികൾ ജയിലിൽ കീഴടങ്ങിയത്. ഇതിനുശേഷം രണ്ടാമത്തെ കുറ്റവാളിക്കാണ് പരോൾ അനുവദിക്കുന്നത്. ഫെബ്രുവരി ഏഴു മുതൽ 11 വരെ പ്രദീപ് മോധിയ എന്ന കുറ്റവാളിക്ക് കോടതി പരോൾ അനുവദിച്ചിരുന്നു. ഭാര്യാ പിതാവിന്റെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു പരോൾ.
5000 രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ. ജോഷിയുടെ ബഞ്ച് പരോൾ അനുവദിച്ചത്. ഗുജറാത്ത് സർക്കാർ എതിർത്തില്ല. 2008ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രമേശ് 1198 ദിവസം പരോളിലായിരുന്നു എന്ന് ഗുജറാത്ത് സർക്കാർ നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 378 ദിവസം മറ്റു അവധികളും ഇയാൾക്ക് അനുവദിക്കപ്പെട്ടു.
2022ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് കുറ്റവാളികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാറിന്റെ ഉത്തരവ് വരുന്നത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹരജി പരിഗണിച്ച സുപ്രീം കോടതിയാണ് ശിക്ഷാ ഇളവ് റദ്ദാക്കി പ്രതികളോട് തിരികെ ജയിലിലെത്തണമെന്ന് ഉത്തരവിട്ടത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗത്തിനിരയാകുന്നത്.