കോഴിക്കോട്> കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്ടപ്പെട്ടവർ വിവാദങ്ങൾ ഉണ്ടാക്കാൻ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്. “ഞങ്ങളെ ജനങ്ങൾ തെരഞ്ഞെടുത്തത് ഒരു തെറ്റാണോ. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾക്ക് വ്യക്തമായി ഞങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി ഇതിന്റെ നിയമപരവും അല്ലാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. താനുൾപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വളരെ വ്യക്തമായ പ്രസ്താവന ഇറക്കി. ഒളിച്ചുവെക്കാൻ ഒന്നുമില്ല. പരാതികൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ ഈ രാജ്യത്ത് എല്ലാ സംവിധാനങ്ങളും ഉണ്ട്. അതിൽ ആർക്കും ഒരു ഭയവും ഇല്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്.
എല്ലാ ദിവസവും രാവിലെ ഒരേ വിഷയത്തിൽ മറുപടി പറയാൻ കഴിയില്ല. ഓരോരുത്തരും രാവിലെ എഴുന്നേറ്റ് പറയുന്ന കാര്യങ്ങൾക്കെല്ലാം മറുപടി പറയൽ അല്ല പാർട്ടി നേതൃത്വത്തിന്റെ ജോലി. അപ്രതീക്ഷിതമായി ചാടിവീണാണ് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനൊന്നും എല്ലായ്പോഴും മറുപടി പറയാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ചുറ്റും നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ വ്യക്തി എന്ന നിലയിൽ മുന്നോട്ട് നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. മുന്നോട്ട് നടന്നാൽ മധ്യപ്രവർത്തകരെ മന്ത്രി കൈകാര്യം ചെയ്തു എന്ന നിലയിൽ വാർത്ത വരാൻ സാധ്യതയുണ്ട്.
മിണ്ടാതിരുന്നാൽ ഉത്തരം മുട്ടി എന്നാവും. ചിരിച്ചാൽ പരിഹസിച്ചു, തിരിഞ്ഞു നടന്നാൽ ഒളിച്ചോടി എന്നൊക്കെയാവും മാധ്യമങ്ങൾ പ്രചരിപ്പിക്കുക. നോമിനേഷൻ സംബന്ധിച്ച് നിങ്ങൾ സൂചിപ്പിച്ചു. അന്ന് ലൈവ് ആയി റിപ്പോർട്ട് ചെയ്തവരാണ് ഇവിടത്തെ മാധ്യമങ്ങൾ. അന്ന് ഇതിൽ വിശദമായ പരിശോധന നടത്തിയതാണ്. ഇനിയും എന്ത് പരിശോധനയും നടത്താം”- മന്ത്രി പറഞ്ഞു.