വിഴിഞ്ഞത്തെ ആശങ്ക ഒഴിയുന്നു, ചൈനീസ് കപ്പലിലെ രണ്ട് ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി

news image
Oct 19, 2023, 10:36 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. ചൈനീസ് കപ്പലിലെ രണ്ട് ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്.

കപ്പലിലെ രണ്ടു പേര്‍ക്കാണ് എഫ്ആര്‍ആര്‍ഒ അനുമതി ലഭിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കിയിരുന്നു.

 

ഇക്കഴിഞ്ഞ 15നാണ് വിഴിഞ്ഞത്ത് ഷെന്‍ ഹുവ 15ന് ഗംഭീര വരവേല്‍പ്പ് നല്‍കിയത്. തിങ്കളാഴ്ച മുതൽ കപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കടൽ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിൻ ഇറക്കുന്നത് വൈകുന്നത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം എങ്കിലും കപ്പലിലെ ജീവനക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതായിരുന്നു യഥാര്‍ഥ കാരണം.  ഷാങ് ഹായ് പിഎംസിയുടെ കപ്പലിലുള്ളത് 12 ചൈനീസ് ജീവനക്കാരാണ്. ഇവർക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ആണ് വൈകിയത്. കപ്പൽ എത്തിയപ്പോൾ തന്നെ ഈ പ്രശ്നം ഉയർന്നിരുന്നു. ക്രെയിൻ ഇറക്കാൻ ജീവനകർക്ക് ബർത്തിൽ ഇറങ്ങാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി അന്ന് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

ക്രെയിൻ ഇറക്കുന്ന ജോലികൾ ബർത്തിൽ നിന്ന് നിയന്ത്രിക്കാനായി ഷാങ് ഹായ് പിഎംസിയുടെ വിദഗ്ധര്‍ മുബൈയില്‍നിന്ന് എത്തുന്നുണ്ടെങ്കിലും  ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രെയിൻ ഇറക്കാൻ കപ്പലിലെ ജീവനക്കാർ കൂടി ബർത്തിൽ ഇറങ്ങണം. ഇതേ കപ്പലിൽ മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ കൊണ്ടുവന്നിരുന്നെങ്കിലും, നിലവിൽ പ്രവത്തിക്കുന്ന തുറമുഖം ആയതിനാൽ, അവിടെ ക്രെയിന് ഇറക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ കമ്മീഷങ്ങിന് മുമ്പ്, പണി നടക്കുന്ന തുറമുഖത്ത് വിദേശ പൗരന്മാർക്ക് ഇറങ്ങാൻ അനുമതി കിട്ടുക പ്രയാസമാണ്. കൊവിഡ് സമയത്ത് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിന് പ്രത്യേക അനുമതി ലഭിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe