വിഴിഞ്ഞം സമരം ശക്തമാക്കും: സർക്കാർ നീക്കത്തിൽ ജാഗ്രത വേണം: ലത്തീന്‍ അതിരൂപത

news image
Nov 27, 2022, 3:46 am GMT+0000 payyolionline.in

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർത്തുള്ള സമരം ശക്തമാക്കുമെന്ന് ലത്തീന്‍ അതിരൂപത. തുറമുഖ നിർമാണത്തെ എതിർത്തുള്ള സർക്കുലർ അതിരൂപതയ്ക്ക് കീഴിലെ സഭകളിൽ വായിച്ചു. സമരം ശക്തമാക്കുമെന്നും വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ ജാഗ്രത വേണമെന്നും സർക്കുലറിൽ പറയുന്നു.

 

‘‘സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാൽ, ഏഴിന ആവശ്യങ്ങളില്‍ ഒന്നില്‍പോലും രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വസ്ഥയ്ക്ക് തന്നെ ആഘാതം സൃഷ്ടിക്കും’’– മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര വിശ്വാസികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. തുടര്‍ സമര പരിപാടികളുടെ സമയക്രമവും സര്‍ക്കുലറിലൂടെ വിശ്വാസികളെ അറിയിക്കും.

സമരത്തിന്റെ 130–ാം ദിവസമായ ഇന്നലെ, തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസ് കിണഞ്ഞു ശ്രമിച്ചിട്ടാണ് ഇരു വിഭാഗവും കൂടുതല്‍ അനിഷ്ട സംഭവങ്ങളിലേയ്ക്ക് പോകാതിരുന്നത്.

എന്നാൽ, വിഷയത്തിൽ സമര സമിതിയുമായി ഇനി ചര്‍ച്ചയില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കോടതി വിധി വരുന്നതു കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സര്‍ക്കാരും സമരസമിതിയും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ട് പഠനമെന്ന ആവശ്യത്തില്‍ സമര സമിതിയിലെ ഭൂരിഭാഗവും ഉറച്ചു നിൽക്കുന്നതാണ് പ്രതിസന്ധി നീളാന്‍ കാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe