അക്തൗ: അസർബൈജാൻ വിമാനം കസഖ്സ്ഥാനിലെ അക്തൗവിൽ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി എയർലൈൻസ്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചു. ക്രിസ്മസ് ദിനത്തിൽ വിമാനം തകർന്നുവീണ് 38 പേരാണ് മരിച്ചത്. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നു വീണത്. പിന്നാലെ ഡിസംബർ 28 മുതൽ ബാക്കുവിൽ നിന്ന് റഷ്യയിലേക്കുള്ള 8 വിമാന സർവീസ് നിർത്തിവച്ചതായി അസർബൈജാൻ എയർലൈൻസ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
‘‘ അസർബൈജാൻ എയർലൈൻസിന്റെ ജെ2-8243 വിമാനം അപകടത്തിൽപെട്ടതു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. വിമാനാപകടം ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകള്‍ കാരണമാണ് അപകടത്തിൽപെട്ടത്. വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ വിമാനങ്ങൾ റദ്ദ് ചെയ്യുന്നത് തുടരും.’’– എയർലൈൻസ് വ്യക്തമാക്കി. യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
വിമാനം തകർന്നു വീണതിന് പിന്നിൽ റഷ്യയുടെ മിസൈലുകളെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടത്തിന് കാരണം ബാഹ്യ ഇടപെടലുകളാണെന്ന് എയർലൈൻസ് വ്യക്തമാക്കിയത്. അതേസമയം അസർബൈജാൻ എയർലൈൻസ് വിമാനം യുക്രെയൻ ഡ്രോൺ ആക്രമണം ശക്തമായ പ്രദേശത്തേക്കാണു പോയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. അപകടത്തിൽപ്പെട്ട 29 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.