ഡൽഹി: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാൽ തിരിച്ചിറക്കിയ സംഭവത്തിൽ വിമാന കമ്പനിയിൽ നിന്നും വിമാനത്താവള അധികൃതരിൽ നിന്നും ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പ്രാഥമിക റിപ്പോർട്ട് തേടി.
എയർ ഇന്ത്യ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും വിവരങ്ങൾ തേടിയിട്ടുണ്ട്. വിമാനത്തിന് 15 വർഷത്തോളം പഴക്കമുണ്ട്. മുൻപ് രണ്ടു തവണ സമാന പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
141 പേരുമായി പറന്നുയർന്ന വിമാനം പറന്നുയർന്ന ഉടൻ തന്നെ ഹൈഡ്രോളിക് സംവിധാനം തകരാറിലാകുകയായിരുന്നു. അടിയന്തര ലാൻഡിങ്ങിന്റെ ഭാഗമായി രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടവിട്ട് പറന്നശേഷമാണ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷ സജ്ജീകണങ്ങളും നടത്തിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എൻജിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കി. ഒടുവിൽ 8.15നാണ് വിമാനം സേഫ് ലാൻഡിങ് നടത്തിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്.