ഹൈദരാബാദ്: മാവോയിസ്റ്റ് വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. 75 വയസായിരുന്നു. ഗദ്ദർ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഗദ്ദറിന്റെ യഥാർത്ഥ പേര് ഗുമ്മാഡി വിടൽ റാവു എന്നാണ്. 1948ൽ ഹൈദരാബാദ് സംസ്ഥാനത്തെ തൂപ്രാനിലാണ് അദ്ദേഹം ജനിച്ചത്. 1997 ൽ ഇദ്ദേഹത്തിന് അഞ്ജാതരുടെ വെടിയേറ്റിരുന്നു.
ആന്ധ്രാപ്രദേശിലെ നക്സൽ പ്രസ്ഥാനത്തിൽ അദ്ദേഹം സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ് – ലെനിനിസ്റ്റ്) സാംസ്കാരിക വിഭാഗത്തിൽ പ്രവർത്തിച്ചു. 2010 വരെ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. പിന്നീട് ഗദ്ദർ തെലങ്കാന സംസ്ഥാന പ്രസ്ഥാനത്തിൽ ചേർന്നു. അംബേദ്കറൈറ്റ് ആണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞു. സ്വന്തം രാഷ്ട്രീയ പാർട്ടിയായ തെലങ്കാന പ്രജാ ഫ്രണ്ട് പോലും രൂപീകരിച്ചെങ്കിലും രാഷ്ട്രീയത്തിൽ വിജയിക്കാനായില്ല.
ഗദ്ദറിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ തെലങ്കാനയിലെ നിരവധി നേതാക്കൾ ദുഃഖം രേഖപ്പെടുത്തി. അടുത്തിടെ ജനസേന തലവനും നടനുമായ പവൻ കല്യാൺ ഗദ്ദറിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. എൻജിനീയറിങ് പഠനത്തിനു ശേഷം ബാങ്ക് ജോലിയില്‍ പ്രവേശിച്ച ഗദ്ദര്‍ പിന്നീടാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തിരിയുന്നത്. രാജ്യത്തെ മാവോയിസ്റ്റ് സംഘടനകള്‍ക്ക് പ്രചോദനം പകരുന്ന വിപ്ലവഗാനങ്ങളാണ് ഗദ്ദര്‍ ആലപിച്ചിരുന്നത്. അരികു ചേര്‍ക്കപ്പെട്ട ജനയതുടെയും ദളിതന്റെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി.