വിനോദ സഞ്ചാരികള്‍ക്ക് രാമക്കല്ലില്‍ പോകാം; തമിഴ്നാട് സർക്കാർ വിലക്ക് നീക്കി

news image
Nov 20, 2024, 2:20 pm GMT+0000 payyolionline.in

നെടുങ്കണ്ടം (ഇടുക്കി): ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രാമക്കല്ലില്‍ പോകാന്‍ ഇനി വിലക്കില്ല. പ്രധാന വ്യൂ പോയിന്റിലേക്കുള്ള ട്രക്കിങ്ങിന് തമിഴ്നാട് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഏറെ നാളായി ഇവിടെ എത്തുന്ന സഞ്ചാരികള്‍ രാമക്കല്ല് വ്യൂപോയിന്റ് കാണാതെ നിരാശരായി മടങ്ങുകയായിരുന്നു.

കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ രാമക്കല്‍മേട്ടിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്ല് വ്യൂ പോയിന്‍റ്. ചെങ്കുത്തായ പാറക്കൂട്ടവും തമിഴ്നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും വീശിയടിക്കുന്ന കാറ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തേക്കുള്ള പ്രവേശനം കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരമാണ് തമിഴ്നാട് അടച്ചത്. സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത്, സഞ്ചാരികള്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളുന്നതിനെ തുടര്‍ന്നായിരുന്നു നിരോധനം.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം മലമുകളില്‍ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് തമിഴ്നാട് വീണ്ടും കാനനപാത തുറന്നിരിക്കുന്നത്. സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി കരുണാപുരം ഗ്രാമപഞ്ചായത്ത് താത്കാലിക ജീവനക്കാരെ നിയമിക്കും. ഒപ്പം വിവിധ മേഖലകളില്‍ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. ഇതോടൊപ്പം മലമുകളിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും, സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും കരുണാപുരം പഞ്ചായത്ത് സൗകര്യം ഏര്‍പ്പെടുത്തും.

രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത് കുറവന്‍ കുറത്തി പ്രതിമയുടെ സമീപമുള്ള പുല്‍മേട്ടിലും ആമക്കല്ല്, കാറ്റാടിപാടം തുടങ്ങിയ പ്രദേശങ്ങളിലുമാണെങ്കിലും രാമക്കല്ലിലേക്ക് ട്രക്കിങ് ആഗ്രഹിച്ചെത്തുന്നവരും നിരവധിയാണ്. രാമക്കല്ലില്‍ തമിഴ്നാട് അധീന മേഖലയുടെ ടൂറിസം വികസനത്തിനായി വിവിധ പദ്ധതികള്‍ തയാറാക്കുന്നതിനും തമിഴ്നാടിന്റെ പരിഗണനയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe