‘വിദ്യ ഉണ്ടാക്കിയത് വ്യാജസർട്ടിഫിക്കറ്റ് തന്നെ, സീലും ഒപ്പും കോളേജിന്‍റേതല്ല’, മഹാരാജാസിൽ പൊലീസ് തെളിവെടുപ്പ്

news image
Jun 12, 2023, 6:52 am GMT+0000 payyolionline.in

കൊച്ചി : മഹാരാജാസ് കോളേജിൽ അധ്യപന പരിചയമുണ്ടെന്ന് മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച കേസിൽ, പൊലീസ് സംഘം കോളേജിൽ തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ ജയ മോൾ, മലയാളം വിഭാഗം അദ്ധ്യാപകൻ മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഡി വൈ എസ് പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അഗളി പൊലീസ് സംഘമാണ് കോളേജിലെത്തി വിവരം ശേഖരിച്ചത്.

വ്യാജരേഖ കേസിൽകേസെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യയെ പൊലീസ് പിടികൂടിയിട്ടില്ല. വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണെന്നാണ് പൊലീസ് അറിയിക്കുന്നത്. വിദ്യ എവിടെയെന്നതിൽ വ്യക്തമല്ല. നാല് സ്ഥലങ്ങളിൽ വിദ്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

വിദ്യയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമാണെന്ന് കോളേജ് വെസ് പ്രിൻസിപ്പൽ ബിന്ദു ഷർമിള അറിയിച്ചു. വിദ്യ സമർപ്പിച്ച രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണ്. അതിലുള്ള എംബ്ലം മഹാരാജാസിൽ നിന്നും ഇഷ്യൂ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമാണ്. കഴിഞ്ഞ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലച്ചറെയും നിയമിച്ചിട്ടില്ല. അത്തരത്തിലൊരു  എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും ഇഷ്യൂ ചെയ്തിട്ടില്ലെന്നും മറ്റൊരു സ്കോളർഷിപ്പിനായി നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നതെന്നും വെസ് പ്രിൻസിപ്പൽ വ്യക്തമാക്കി.

അതേ സമയം, ഗസ്റ്റ് ലക്ചർ ജോലി ലഭിക്കാൻ വിദ്യ വ്യാജ പ്രവൃത്തി പരിചയ രേഖ നിർമ്മിച്ച കേസിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അഗളി സി ഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കും.

2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലുമെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മഹാരാജസ് കോളേജിനോട് വിവരം തേടി. വിദ്യ അധ്യാപികയായിരുന്നില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മറുപടി നൽകി. അന്ന് വൈകീട്ട് പൊലീസിൽ പരാതിയും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe