ഇംഫാൽ: മണിപ്പൂരിൽ ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വീണ്ടും കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാർ മണിപ്പൂരിൽ ബിജെപിയുടെ ഓഫീസിന് തീവെച്ചു. രണ്ട് വിദ്യാർഥികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ആക്രമണ സംഭവങ്ങളിലാണ് ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നത്. തൗബാൽ ജില്ലയിലെ പാർട്ടിയുടെ മണ്ഡലം ഓഫീസാണ് പ്രതിഷേധക്കാർ തീവെച്ച് നശപ്പിച്ചത്. ഇരുനില കെട്ടിടമായിരുന്ന ബിജെപിയുടെ മണ്ഡലം ഓഫീസ് അഗ്നിക്കിരയാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രതിഷേധക്കാർ ബിജെപിയുടെ ഓഫീസിന് തീവെച്ചത്. ഓഫീസ് അടിച്ച് തകർത്തതിന് ശേഷം തീ കൊളുത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെ വിഭാഗക്കാരായ ഹിജാം ലിന്തോയ്‍ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
പതിവ് പോലെ വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകിയെങ്കിലും പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്നു, ശേഷം അക്രമികള്‍ പൊലീസ് ജീപ്പിന് തീയിട്ടു. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ വീട്ടിലേക്ക് നടന്ന പ്രതിഷേധം ആക്രമാസക്തമായി, പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സാഹചര്യം കണക്കിലെടുത്ത് ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പത്തൊമ്പത് പൊലീസ് സ്റ്റേഷനുകൾ ഒഴികെയുള്ള സ്ഥലങ്ങളെ എഎ്എഫ്പിഎ പ്രകാരം പ്രശ്ന ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇതിൽ ഭൂരിഭാഗവും മലയോര ജില്ലകളിലാണ്. ഇംഫാൽ ഉൾപ്പെടെയുള്ള താഴ്വാര പ്രദേശങ്ങളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.