ചോമ്പാല: പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കുട്ടി കർഷകരെ വളർത്തിയെടുക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കൃഷി മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മുൻ കെ.പി.സി.സി. പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതിയിലെത്തി ആശീർവാദം തേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടി കർഷകരെ വാർത്തെടുക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും തമ്മിൽ പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ ഈ വർഷം (2026) ‘വനിതാ കർഷക വർഷമായി’ ആചരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ വനിതാ കർഷകർക്കായി വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, കേരള ചരിത്രത്തിൽ ആദ്യമായി സംസ്ഥാന വ്യാപകമായി ‘മണ്ണ് പരിശോധനാ രജിസ്റ്റർ’ തയ്യാറാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
മുൻപ് കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭരണനൈപുണ്യവും പരിചയസമ്പത്തും മാർഗനിർദ്ദേശങ്ങളും കൃഷി മന്ത്രിയെന്ന നിലയിലുള്ള തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ സഹായകരമാവുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
യു.ഡി.എഫ്. നേതാക്കളായ വി.എം. ചന്ദ്രൻ, ഐ. മൂസ, ആർ. ഷഹീൻ, കാവിൽ രാധാകൃഷ്ണൻ, ബവിത്ത് മലോൽ, പുറന്തോടത്ത് സുകുമാരൻ, കെ.കെ. മുരുകദാസ്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, സുബിൻ മടപ്പള്ളി, ടി.വി. സുധീർ കുമാർ, ആവോലം രാധാകൃഷ്ണൻ, സി.കെ. വിശ്വനാഥൻ, സി. നിജീൻ, കുരിയാടി സതീശൻ, പ്രബിൻ പാക്കയിൽ, പി. രജനി തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
