ബംഗളൂരു: സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് പോഷകാഹാരമായി കപ്പലണ്ടി മിഠായി നല്‍കുന്നത് നിര്‍ത്തലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി.
കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു. ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും കാലപ്പഴക്കം വന്ന കപ്പലണ്ടി മിഠായി കഴിക്കുന്നതുമൂലം കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരുന്നുവെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. കപ്പലണ്ടി മിഠായിയില്‍ ഉയര്‍ന്ന തോതില്‍ അപൂരിത കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് കലബുറഗി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
തുടക്കത്തില്‍ ഒന്നുമുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിയിരുന്നു. തുടര്‍ന്നു അസിം പ്രേംജി ഫൗണ്ടേഷൻ കുട്ടികൾക്ക് ദിവസവും മുട്ട നൽകാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.