വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ;എം പോക്സ് ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം

news image
Sep 18, 2024, 3:24 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ഏതെങ്കിലും രീതിയിലുളള  ലക്ഷണമുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe