വിഎസ്എസ്‌സി പരീക്ഷയിലെ കോപ്പിയടി: ഞായറാഴ്ച നടത്തിയ പരീക്ഷകൾ റദ്ദാക്കി

news image
Aug 21, 2023, 2:27 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.

ഇതു സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാർ സംഘത്തിലുണ്ട്. കോപ്പിയടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൈബർ സെൽ വിശദമായി അന്വേഷിക്കും. മൂന്ന് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. 6 പേർ പിടിയിലായി. രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

രാജ്യവ്യാപകമായി  വിഎസ്എസ്‌സി നടത്തിയ ടെക്നിഷ്യൻ ( ഇലക്ട്രീഷ്യൻ ഗ്രേഡ് ബി ) പരീക്ഷയിലായിരുന്നു ക്രമക്കേട്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ  (26), സുമിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് എത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഹരിയാനയിൽ നിന്നുള്ള കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു  പരിശോധിക്കാനാണ് പൊലീസ് തീരുമാനം. പരീക്ഷയിൽ ആൾ മാറാട്ടം

നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ഇതിൽ പട്ടം സെന്റ്മേരീസ് സ്കൂളിൽ പരീക്ഷ എഴുതിയ ആളാണ് പിടിയിലായ സുമിത്ത്. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ ആളാണ് സുനിൽ. സുനിത്തിനെ  മെഡിക്കൽ കോളജ് പൊലീസും സുനിലിനെ മ്യൂസിയം പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe