വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ

news image
Jan 21, 2026, 10:27 am GMT+0000 payyolionline.in

തിരുവനന്തപുരം: കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാതെ പൊലീസ്. ഇന്നലെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. അപകടം ഉണ്ടാക്കിയ വാഹനമോടിച്ചയാൾ ഇപ്പോഴും ഒളിവിലെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ മൂന്നിന് വൈകീട്ട് മൂന്നരയ്ക്ക് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു.

അപകടമുണ്ടായക്കിയാളെ പിടികൂടാത്തതിനെതിരെയായിരുന്നു ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചത്. രജിത്തിന്റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗം സിജിമോൾ, ബ്ലോക്ക് അംഗം ഷെഫിൻ, കെ എസ് യു നേതാവ് ആദേശ് സുധർമൻ, എഐവൈഎഫ് നേതാവ് അനീസ് അടക്കം 9 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. എന്നാൽ, അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചയാളെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറി ഇറങ്ങി.അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പൊലീസിനെ ഏൽപിച്ചു. എന്നാൽ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. അംബിക മരിച്ച ശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. എന്നിട്ടും വിഷ്ണുവിനെ പിടികൂടാത്തത് കള്ളക്കളിയെന്നാണ് പരാതിയുയരുന്നത്. വാഹനത്തിൽ മറ്റു രണ്ടു പേര്‍ കൂടിയുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പ്രതിയെ ഒരു ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe