വാഹനങ്ങൾ ഇനി പരസ്പരം സംസാരിക്കും; അപകടം കുറക്കാൻ പുതിയ സാ​ങ്കേതിക വിദ്യ

news image
Jan 9, 2026, 4:49 am GMT+0000 payyolionline.in

മുംബൈ: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടങ്ങളുണ്ടാകുമെന്ന ആശങ്ക ഇനി വേണ്ട. കാരണം, വളരെ ചുരുക്കം രാജ്യങ്ങളിൽ മാത്രം നടപ്പാക്കിയ പുതിയ സാ​ങ്കേതിക വിദ്യ വാഹനങ്ങളിൽ ഘടിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. വെഹിക്കിൾ ടു വെഹിക്കിൾ കമ്യൂണി​ക്കേഷൻ സംവിധാനമാണ് ഈ വർഷം നടപ്പാക്കുക. കേന്ദ്ര ഗതാഗതാ ഹൈവേ മന്ത്രാലയമാണ് ഇതിനുള്ള അനുമതി നൽകിയത്.

പുതിയ സാ​ങ്കേതിക വിദ്യ ഘടിപ്പിക്കുന്നതോടെ യാത്രക്കിടെ അപകട സാധ്യതയെ കുറിച്ച് ഡ്രൈവർമാർക്ക് വാഹനങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകും. മാത്രമല്ല, കൊടും വളവുകളിലും മഞ്ഞുമൂടിയ സാഹചര്യത്തിലും മറ്റു വാഹനങ്ങളെ കുറിച്ച് അറിയാനും കഴിയും.

ഇതിനാവശ്യമായ 30 മെഗാഹെറ്റ്സിന്റെ ഉയർന്ന ഫ്രീക്വൻസിയുള്ള സ്​പെക്ട്രം സൗജന്യമായി ഉപയോഗിക്കാൻ ടെലികമ്യൂണിക്കേഷൻ വകുപ്പുമായി ധാരണയായതായി കേന്ദ്ര ഗതാഗതാ ഹൈവേ മന്ത്രാലയ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സംസ്ഥാങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളി​ലെയും ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം.

ഈ വർഷം പുറത്തിറക്കുന്ന കാറുകളിലായിരിക്കും ആദ്യ പദ്ധതി നടപ്പാക്കുക. പിന്നീട്, മറ്റുവാഹനങ്ങളിലും നിർബന്ധമാക്കും. ഒരു കാറിൽ ഈ സാ​ങ്കേതിക വിദ്യ ഘടിപ്പിക്കാൻ ഏകദേശം 5000 രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി അന്തിമ ചർച്ചയിലാണ്.

മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2023ൽ അഞ്ചു ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. 1.80 ലക്ഷം​ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2030 ഓടെ വാഹനാപകടങ്ങൾ പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.

റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് വാഹനങ്ങൾ തമ്മിൽ പരസ്പരം ആശയ വിനിയം നടത്തുന്ന സാ​ങ്കേതിക വിദ്യ വളരെ കുറച്ചു രാജ്യങ്ങളിൽ മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്ന് കേന്ദ്ര ഗതാഗതാ ഹൈവേ സെക്രട്ടറി വി. ഉമശങ്കർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe