വാ​ള​യാ​ർ പീഡനം: മാതാപിതാക്കളെ പ്രതിചേർത്തു

news image
Jan 9, 2025, 10:32 am GMT+0000 payyolionline.in

കൊച്ചി: പാലക്കാട്ടെ വാളയാർ പീഡന കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം. ഇവർക്കെതിരെ ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. എറണാകുളം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി.ബി.ഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് ഇവരെ പ്രതി ചേർത്തത്. ബലാത്സംഗം അറിഞ്ഞിട്ടും മാതാപിതാക്കൾ മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിശദമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ വിചിത്രമായ കുറ്റപ​ത്രമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

അനീതിയുടെ കുറ്റപത്രമാണ് സമർപ്പിച്ചതെന്നും യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും സമരസമിതി നേതാവ് വേണുഗോപാൽ പറഞ്ഞു. രണ്ടു പെൺകുട്ടികളും പീഡനത്തിന് ഇരയായ വിവരം ഇരുവർക്കും അറിയാമായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നു. നേരത്തേ സാക്ഷികളായിരുന്ന മാതാപിതാക്കളെ ബലാത്സംഗ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതികളാക്കിയത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2017 മാർച്ച് ആറിന് പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

2017 മാർച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. നേരത്തേ, കേ​സി​ൽ സി.​ബി.​ഐ സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച അ​ഡ്വ. പ​യ​സ് മാ​ത്യു ചു​മ​ത​ല​യി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് പെ​ൺ​കു​ട്ടികളു​ടെ അ​മ്മ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe