കൊച്ചി∙ വായ്പാ തട്ടിപ്പും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹീരാ ഗ്രൂപ്പിന്റെ 32 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഹീരാ കണ്‍സ്ട്രക്ഷൻസ്, ഹീരാ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, മറ്റൊരു കമ്പനിയായ ഹീരാ സമ്മർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട് 32 ഇടങ്ങളിലായുള്ള ഭൂമിയും കെട്ടിടങ്ങളുമാണ് കണ്ടുകെട്ടിയത്.
കഴിഞ്ഞ ഡിസംബറിൽ തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു. 2021ലാണ് വായ്പാ തട്ടിപ്പിൽ ഹീരാ കൺസ്ട്രക്ഷൻസിനെതിരെ ഇ.ഡി. കേസ് റജിസ്റ്റർ ചെയ്തത്. മുൻപ് സിബിഐയും ഹീരാ കൺസ്ട്രക്ഷൻസിനെതിരെ കേസെടുത്തിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് വായ്പാ തട്ടിപ്പ് പുറത്തറിഞ്ഞത്.
തിരുവനന്തപുരം ആക്കുളത്ത് ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത 14 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഇത് കള്ളപ്പണ ഇടപാടിലേക്ക് വഴിതിരിച്ചതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് കണ്ടുകെട്ടൽ.