വായ്പത്തട്ടിപ്പ് ആപ് ‘വേഷം മാറി’ വോൾപേപ്പർ ആപ്പായി; ഡിലീറ്റ് ചെയ്യുന്നത് ഒഴിവാക്കാനെന്ന് സൂചന

news image
Sep 19, 2023, 4:33 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ 20 ദിവസം മാത്രം പഴക്കമുള്ള വായ്പത്തട്ടിപ്പ് ആപ് ഒറ്റയടിക്ക് സൗജന്യ മൊബൈൽ വോൾപേപ്പർ നൽകുന്ന ആപ് ആയി രൂപം മാറി. 50,000ലേറെപ്പേർ ഡൗൺലോഡ് ചെയ്ത ‘ധനി ലോൺ-ഗൈഡ്’ എന്ന ആപ് ആണ് ശനിയാഴ്ച ‘ബട്ടർഫ്ലൈ എച്ഡി വോൾപേപ്പർ’ ആപ് ആയി മാറിയത്.

ധനകാര്യസ്ഥാപനമായ ഇന്ത്യാ ബുൾസിനു കീഴിലുള്ള ധനി ലോൺസിന്റെ പേരുപയോഗിച്ചുള്ള വ്യാജ വായ്പാ ആപ്ലിക്കേഷനായിരുന്നു ‘ധനി ലോൺ–ഗൈഡ്’. ആപ് തുറന്നാൽ ഒന്നിലേറെ തട്ടിപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകിയിരുന്നു. വ്യാജ വായ്പ ആപ്പുകൾ വാർത്തയായതോടെ ആപ് ഡിലീറ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് ഈ ‘വേഷം മാറ്റം’ എന്നാണു സൂചന.

പുതിയ വായ്പാ ആപ്പുകൾ വരുന്നതും ഇതേ രീതിയിലാണെന്നു സംശയമുണ്ട്. വോൾപേപ്പർ ആപ്പായി എത്തി പിന്നീട് വായ്പാ ആപ്പായി മാറുന്നതുമാകാം. കേവലമൊരു അപ്ഡേറ്റ് വഴി ആപ്പിന്റെ പൂർണരൂപം മാറ്റാനാകും. തട്ടിപ്പിനിരയായാൽ 1930 എന്ന ഹെൽപ്‍ലൈൻ നമ്പറിലോ cybercrime.gov.in പോർട്ടൽ വഴിയോ പരാതി നൽകുക.

സൈബർ തട്ടിപ്പുഭീഷണി, വിളിക്കൂ 1930

തിരുവനന്തപുരം ∙ ലോൺ ആപ് ഉൾപ്പെടെയുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാലുടൻ 1930 എന്ന  ഫോൺ നമ്പരിൽ വിളിച്ചറിയിക്കണം. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ (ഐ 4 സി) വിഭാഗത്തിന്റെ നമ്പരാണിത്.  എല്ലാ സംസ്ഥാനത്തും 24 മണിക്കൂറും കൺട്രോൾ റൂമും സജ്ജമാണ്. ഇൗ നമ്പറിലേക്ക് വിളിച്ചാലുടൻ തട്ടിപ്പിൽ നഷ്ടമായ പണം തടഞ്ഞുവയ്ക്കുകയും കൈമാറ്റം മരവിപ്പിക്കുകയും ചെയ്യും. പണം രണ്ടോ മൂന്നോ ബാങ്കുകളിലേക്കു ട്രാൻസ്ഫർ ചെയ്യപ്പെട്ടാലും   തടയാൻ സാധിക്കും. ലോൺ ആപ്പിൽ പണം അടയ്ക്കാത്തതിനു ഭീഷണി സന്ദേശം വന്നാലും  ഇൗ നമ്പരിൽ അറിയിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe