കൊച്ചി > വസ്തുവിന്റെ കൈവശാവകാശം രജിസ്റ്റർ ചെയ്യാൻ മുന്നാധാരം വേണമെന്ന് നിർബന്ധം പിടിക്കാൻ സബ് രജിസ്ട്രാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ഭൂമിയുടെ മേൽ ഒരാൾക്കുള്ള അവകാശംമാത്രമാണ് കൈമാറുന്നത് എന്നതിനാലാണ് മുന്നാധാരം ഇല്ലാതെയും രജിസ്ട്രേഷൻ നടത്താമെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളത്. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താൽ സബ് രജിസ്ട്രാർക്ക് രജിസ്ട്രേഷൻ നിഷേധിക്കാനാകില്ല. കൈവശാവകാശം പാട്ടത്തിലൂടെ കിട്ടിയതാണോ ആധാരത്തിന്റെ അടിസ്ഥാനത്തിൽ കിട്ടിയതാണോ എന്ന് സബ് രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. എന്നാൽ, തർക്കമുണ്ടായാൽ റവന്യു നടപടികൾ ബാധകമാകുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
മുന്നാധാരം ഹാജരാക്കിയില്ലെന്നതിനാൽ വസ്തു രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച സബ് രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്ത് പാലക്കാട് ആലത്തൂർ സ്വദേശികളായ ബാലചന്ദ്രൻ, പ്രേമകുമാരൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. ആധാരം രജിസ്റ്റർ ചെയ്യുന്നതുകൊണ്ടുമാത്രം ഉടമസ്ഥത പൂർണമായും സ്ഥാപിക്കപ്പെടുന്നില്ലെന്നതിനാൽ രജിസ്റ്റർ ചെയ്യാൻ മുന്നാധാരം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി വിധിയുണ്ട്. ഇതുകൂടി പരിഗണിച്ച കോടതി നടപടിക്രമങ്ങൾ പാലിച്ച് ഹർജിക്കാരുടെ വസ്തു രജിസ്റ്റർ ചെയ്തുനൽകാൻ നിർദേശിച്ചു.