കോഴിക്കോട്: കഴിഞ്ഞ ദിവസം കിണറില്‍ കണ്ടെത്തിയ ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറവ് ചെയ്തു. വളയം പഞ്ചായത്തിലെ ആയോട് മലയിലാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറില്‍ കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സര്‍ജന്‍ അജീഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ അഴുകി ദ്രവിച്ച നിലയിലായിരുന്നു ആനയുടെ ജഡം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് കിണറില്‍ ആനയെ കണ്ടെത്തിയത്. കൊമ്പുകള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡി.എഫ്.ഒ ആഷിഖ് അലി, റെയ്ഞ്ചര്‍ നിഖില്‍ ജെറോം, ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍, വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ വിനോദ് തുടങ്ങിയവരുടെ സാനിധ്യത്തിലാണ് ജഡം മറവുചെയ്തത്.