വളപട്ടണം വെടിവെയ്പ്: പ്രതി ബാബു തോമസിനെതിരെ വധശ്രമത്തിന് കേസ്, തോക്കിന് ലൈസൻസില്ലെന്ന് പൊലീസ്

news image
Nov 4, 2023, 5:11 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് ഇന്നലെ പൊലീസിന് നേർക്കുണ്ടായ വെടിവെപ്പിൽ പ്രതി ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. തോക്കിന് ലൈസൻസില്ലെന്നും പൊലീസ് വ്യക്തമാക്കി. റിവോൾവർ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിർത്തെന്നും ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും എസ് ഐ വിശദീകരിച്ചു. സാക്ഷികളെയും കൂട്ടിയാണ് പൊലീസ് ബാബു തോമസിന്റെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ഇയാൾ മുകളിലെ മുറിയിൽ കയറി വാതിലടച്ചെന്നും പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് കേസിലെ പ്രതിയായ റോഷന്റെ പിതാവാണ് ബാബു തോമസ്. ചിറക്കൽ ചിറയ്ക്ക് സമീപം വില്ല ലേക്‌ റിട്രീറ്റ് എന്ന വീട്ടിലാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ മാസം 22 ന് അയല്പക്കത്തെ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിലും റോഷൻ പ്രതിയാണ്. അന്നേ ദിവസം തന്നെ ഒളിവിൽ പോയ റോഷൻ വീട്ടിൽ തിരികെയെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇന്നലെ 9.50ന് വളപട്ടണം എസ് ഐയുടെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം വീട്ടിൽ എത്തുകയും ഗേറ്റ് തുറന്നു വീട്ടിൽ കയറുകയും ചെയ്തു.

നാട്ടുകാർ പുറത്തുണ്ടായിരുന്നു. റോഷന്റെ അച്ഛൻ ബാബു തോമസ് പൊലീസിനെ കണ്ടയുടൻ മുകളിലെ മുറിയിൽ കയറി വാതിൽ അടച്ചു റോഷൻ മുകളിലെ നിലയിൽ ഉണ്ടെന്നു മനസ്സിലാക്കി പൊലീസ് പുറത്തെ കോണി വഴി അങ്ങോട്ട് കയറി. മുകളിലെ മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ച പൊലീസിന് നേരെയാണ് അകത്തുനിന്ന് വെടിവെപ്പ് ഉണ്ടായത്. ബാബു തോമസ് മൂന്ന് റൗണ്ട് വെടിവെച്ചു. കുനിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് പോലീസുകാർ രക്ഷപ്പെട്ടത്.

തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും കൂടുതൽ പൊലീസ് എത്തുകയും ചെയ്തു. വാതിൽ തകർത്താണ് 71കാരനായ ബാബു തോമസിനെ കീഴ്പ്പെടുത്തിയത്. ഇവരുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ തകർത്ത നിലയിൽ ആണ്.  സി സി ടി വിയും തകർത്തു. നാട്ടുകാരുമായി ബന്ധമില്ലാത്ത കുടുംബമാണിവരുടേതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ പൊലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്ന് ബാബുവിന്റെ ഭാര്യ ലിൻഡ പറയുന്നു. പൊലീസ് നോക്കി നിൽക്കെയാണ് വീട് ആക്രമിച്ചതെന്നും റോഷൻ ഒക്ടോബർ 22ന് ശേഷം വീട്ടിൽ വന്നിട്ടില്ലെന്നും ഇവർ പറഞ്ഞു. മാത്രമല്ല, ബാബുവിന്റെ തോക്കിനു ലൈസൻസ് ഉണ്ടെന്നും റൈഫിൾ അസോസിയേഷൻ മെമ്പർ ആണെന്നുമാണ് ഭാര്യയുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe