വയനാട് രക്ഷാദൗത്യസംഘം ലുലു മാളിൽ, സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങി ധീര ജവാൻമാര്‍, രഞ്ജിത് ഇസ്രായേലിനും ആദരം

news image
Aug 17, 2024, 11:04 am GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയില്‍ പത്ത് ദിവസം നീണ്ട രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ സൈനികര്‍ക്ക് തലസ്ഥാനത്ത് ആദരം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ലുലു ഫ്രീഡം ഫിയസ്റ്റയുടെ സമാപന ചടങ്ങിലായിരുന്നു വയനാട്  രക്ഷാദൗത്യത്തില്‍ പങ്കെടുത്ത സൈനികര്‍ എത്തിയത്.

ചടങ്ങില്‍ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്ന് വയനാട് ദൗത്യത്തില്‍ പങ്കെടുത്ത കേണല്‍ രോഹിത് ജതെയ്ന്‍, ലെഫ്.കേണല്‍ ഋഷി രാജലക്ഷ്മി, ക്യാപ്റ്റന്‍ സൗരഭ് സിംങ്, മേജര്‍ വിപിന്‍ മാത്യു, സുബേദാര്‍ കെ പത്മകുമാര്‍, നായിക് ഷഫീഖ് എസ്.എം, ഹവില്‍ദാര്‍ മായാന്ദി എ, ലാന്‍സ് നായിക് പുരുഷോത്തം കെ, നായിക് ഡ്രൈവര്‍ ആന്‍ഡ് ഓപ്പറേറ്റര്‍ വിജു വി എന്നിവരെ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സൈനിക സംഘം വയനാട് നിന്ന് മടങ്ങിയത്. ഷിരൂരിലടക്കം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന രഞ്ജിത് ഇസ്രായേലിനും ആദരം നല്‍കി.

തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആര്‍മി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ലുലു ഫ്രീഡം ഫിയസ്റ്റയുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ സൈന്യത്തിന്‍റെ ആയുധങ്ങളുടെ പ്രദര്‍ശനവും രണ്ട് ദിവസങ്ങളിലായി മാളില്‍ സംഘടിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe