‘വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു, ഞങ്ങളുടെ ഫണ്ടിനെ കുറിച്ച് ബേജാറാകേണ്ട’; ക്ഷുഭിതനായി സണ്ണി ജോസഫ്

news image
Apr 10, 2026, 9:14 am GMT+0000 payyolionline.in

കണ്ണൂര്‍: വയനാട് ഫണ്ട് വിവാദം ഗുണം ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല കൊള്ളയും കൂടുതല്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ വീട് നിര്‍മാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ ഗൃഹ പ്രവേശനത്തിന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘വയനാട്ടിലെ ഗൃഹപ്രവേശനത്തിന് വിളിക്കാം. തിരക്കുണ്ടാക്കണ്ട. എത്രയും വേഗം വീട് പണി പൂര്‍ത്തിയാക്കും. നിങ്ങളുടെ ആരുടെയും ശമ്പളത്തില്‍ നിന്ന് പണം തരണ്ട. ഫണ്ട് കളക്ഷനെ ഓര്‍ത്ത് കരയണ്ട. സര്‍ക്കാരിന്റെ പൊതു ഖജനാവിലെ ഫണ്ടും ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണവും അയ്യപ്പസംഗമത്തിന്റെ പേരിലുള്ള കളക്ഷന്‍ ഫണ്ടും കട്ടവരെ കുറിച്ച് ബേജാറായാല്‍ മതി. ഞങ്ങളുടെ ഫണ്ടിനെ കുറിച്ച് ബേജാറാവേണ്ട’, സണ്ണി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വനവാസത്തിന് പോകില്ലെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ജയിക്കുമെന്ന ആത്മവിശ്വാസമാണ് വനവാസ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയനുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സിപിഐഎം പരാജയഭീതി മുന്നില്‍ കണ്ട് സിപിഐഎം ആക്രമണം നടത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പരാജയ ഭീതി മുന്നില്‍ കണ്ട് സിപിഎം ആക്രമണം നടത്തുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ വ്യാപക അക്രമം നടത്തുന്നു. മയ്യിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭാസ്‌കരന്റെ വീട്ടില്‍ അക്രമം നടത്തി. പൊലീസ് നിസാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. അക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചു’, സണ്ണി ജോസഫ് പറഞ്ഞു.

 

മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകനായ പ്രകാശന് കുത്തേറ്റത് പിടിവലിയില്‍ സംഭവിച്ചതാണെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആത്മവിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.

‘അങ്ങനൊരു കത്ത് ഞാന്‍ എഴുതിയിട്ടില്ല. ഒപ്പിട്ടില്ല, കൊടുത്തില്ല. അതില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം വേണം. ഇത് മറ്റൊരു കാഫിര്‍ സ്‌ക്രീന്‍ഷോട്ടാണ്. എഴുതി കൊടുത്താല്‍ കൊടുത്തു എന്ന് പറയാനുള്ള ആര്‍ജവം ഉണ്ട്. കത്ത് നല്‍കിയത്, തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് ഒഴിവാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe