വയനാട് ദുരന്തം: താത്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങളുടെ വാടക ഓണത്തിന് മുമ്പ് നൽകും: മന്ത്രി കെ. രാജൻ

news image
Sep 9, 2024, 5:51 pm GMT+0000 payyolionline.in

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. താത്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫിസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കി. ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ, താലൂക്ക് ഓഫിസ് ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ ഉൾപ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

24 പേർ സ്വന്തം വീടുകളിലേക്ക് മാറി താമസിച്ചു. മാറിതാമസിച്ചവരുടെ മുഴുവൻ ലിസ്റ്റും തയാറാക്കി ഓണത്തിന് മുമ്പ് ഇവർക്ക് ഏതെങ്കിലും വിധത്തിൽ കുടിശ്ശിക നൽകാൻ ഉണ്ടെങ്കിൽ അത് നൽകും. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രത്യേകം നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. സംസ്കാരത്തിനായി 173 പേർക്ക് ധനസഹായം നൽകി. അടിയന്തര സഹായമായി നൽകുന്ന 10,000 രൂപ വീതം 931 കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്. ധനസഹായം നൽകാനുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ ഓണത്തിനകം ലഭ്യമാക്കും. ഒരു മാസം 300 രൂപ വീതം നൽകുന്ന സർക്കാറിന്‍റെ നയപ്രകാരം 829 കുടുംബങ്ങൾക്കും ഒരു കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം 706 കുടുംബങ്ങൾക്കും നൽകിയതായി മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ മുഖേന ദുരന്ത മേഖലയിലെ 1009 കുടുംബങ്ങളിൽ മൈക്രോ സർവേ നടത്തി. കൃഷി, വിദ്യാഭ്യാസം, എം.എസ്.എം.ഇ, വാഹനം ഉൾപ്പെടെ 1749 ലോണുകളാണ് നിലവിലുള്ളത്. വൈത്തിരി താലൂക്കിലെ ജപ്തി നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ലോണുകൾ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരോട് സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ റിപ്പോർട്ടു പ്രകാരം താമസയോഗ്യമല്ലാത്ത വീടുകളുടെ വിവരങ്ങളും പൊതു സമൂഹത്തിനു മുമ്പിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ലഭ്യമായ ഭൂമികൾ കലക്ടർ നേതൃത്വത്തിൽ പരിശോധന നടത്തും. സ്ഥലങ്ങളുടെ വിവിധങ്ങളായ സാധ്യതകൾ കണ്ടെത്തി ഏറ്റവും അനുയോജ്യമായത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കും. ദുരന്ത സ്ഥലത്ത് ഇനിയും തിരിച്ചിൽ നടത്താൻ ആവശ്യപ്പെട്ടാൽ തുടരുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe