കൽപ്പറ്റ : ഒന്നരമാസമായി വയനാട് പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കു വെടിവയ്ക്കാൻ ഉത്തരവ്. മുഖ്യ വനപാലകനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് കൂടുവച്ച് കെണി ഒരുക്കിയിട്ടും കടുവ കുടുങ്ങിയിരുന്നില്ല. എന്നാൽ, ജനവാസ മേഖലയിൽ കടുവ അടിക്കടി എത്തുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്താണ് കടുവയെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാൻ മുഖ്യവനപാലകൻ ഉത്തരവിട്ടത്.
കഴിഞ്ഞ കുറെ ദിവസമായി, വനംവകുപ്പിന്റെ ആർആർടി പനവല്ലിയിൽ ക്യാമ്പ് ചെയ്ത് കടുവയെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. നാട്ടുകാരാകട്ടെ കടുവ മയക്കുവെടി വയ്ക്കണം എന്ന നിലപാട് കൂടി എടുത്തതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാഡൻ ഉത്തരവിട്ടത്. നാളെ രാവിലെ മുതൽ മയക്കുവെടി വയ്ക്കാനുളള ക്രമീകരണത്തലേക്ക് വനംവകുപ്പ് പോകും. നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് ദൌത്യത്തിന്റെ പൂർണ ചുമതല.