വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കസ്റ്റഡിയിൽ

news image
Nov 8, 2023, 3:17 am GMT+0000 payyolionline.in

കൽപറ്റ: വയനാട് തലപ്പുഴ പേരിയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി 7  മണിയോടെയാണ് നാലം​ഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈൽ ചാർജ് ചെയ്തു, ഭക്ഷണം കഴിക്കാൻ കാത്തിരുന്നു. അതീവരഹസ്യമായിട്ടായിരുന്നു തണ്ടര്‍ബോള്‍ട്ടിന്‍ നീക്കം. ഉച്ചയോടെ തന്നെ തണ്ടർബോൾട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചു. മാവോയിസ്റ്റുകൾ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചു. ഏഴുമണിയോടെ  നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തി.

മാവോയിസ്റ്റുകൾ പുറത്തു ഇറങ്ങുമ്പോൾ പിടികൂടാൻ ആയിരുന്നു നീക്കം. എന്നാൽ അതിനിടയിൽ വീട്ടുകാരിൽ ഒരാൾ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടർ ബോൾട്ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടർബോൾട്ട് ആകാശത്തേക്ക് വെടിവച്ചു, തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ രണ്ടുപേര്‍ ഓടിപ്പോയി. വീടിനു അകത്തു ഉണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടർ ബോൾറ്റ് കസ്റ്റഡിയിൽ എടുത്തത്.

കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ പോലീസ് കല്പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe