വയനാട്ടിലെ തെരച്ചിലിൽ 2 ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി; ആനയടികാപ്പിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

news image
Aug 12, 2024, 12:04 pm GMT+0000 payyolionline.in

കൽപറ്റ: വയനാട്ടിലെ തെരച്ചിലിനിടെ രണ്ട് ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി. ആനയടികാപ്പിലെ തെരച്ചിലിനിടെയാണ് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ തെരച്ചിലിനിടെയാണ് വീണ്ടും ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ 78 ഉം ശരീര ഭാഗങ്ങള്‍ 166 ഉം ആയി.

40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം 10 ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.

ഇതിനകം 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം ഉരുളെടുത്ത മുണ്ടക്കൈയിൽ ഇന്ന് നാട്ടുകാരെ ഉൾപ്പെടുത്തി ജനകീയ തെരച്ചിൽ നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ പങ്കാളികളാക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാണ് പരിശോധന നടത്തുക. ഇനി കണ്ടെത്താൻ ഉള്ളത് 131 പേരെയാണ്. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe