തിരുവനന്തപുരം: കോട്ടയം വഴിയുള്ള വന്ദേഭാരത് എക്സ്പ്രസുകൾക്ക് (20634, 20633) ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിച്ച സാഹചര്യത്തിൽ മൂന്ന് സ്റ്റേഷനുകളിലെ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം. തിരുവനന്തപുരത്തെ പുറപ്പെടൽ, എത്തിച്ചേരൽ സമയത്തിനു പുറമേ കൊല്ലം, തൃശൂർ സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം വരുക.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634) നിലവിൽ 5.20നു തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്നത് ഇനി 5.15ലേക്ക് മാറും. കൊല്ലത്ത് 6.08ന് എത്തിയിരുന്നത് 6.03ലേക്കും തൃശൂരിലെ പുറപ്പെടൽ സമയം 9.32 എന്നത് 9.33ലേക്കുമാണ് മാറുക. പുതുതായി സ്റ്റോപ്പ് അനുവദിച്ച ചെങ്ങന്നൂരിൽ 6.53ന് എത്തുന്ന ട്രെയിൻ 6.55ന് യാത്ര പുനരാരംഭിക്കും.
കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് (20633) വൈകീട്ട് 6.12ന് തൃശൂരിൽനിന്ന് പുറപ്പെട്ടിരുന്നത് 6.13 ലേക്ക് മാറും. ചെങ്ങന്നൂരിൽ രാത്രി 8.46ന് എത്തി 8.48ന് പുറപ്പെടും. 9.30ന് കൊല്ലമെത്തിയിരുന്ന ട്രെയിൻ ഇനി 9.34നാണ് എത്തിച്ചേരുക. തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന സമയം 10.35 എന്നത് 10.40ആയും മാറും.
വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഇന്നുമുതൽ സ്റ്റോപ്
ചെങ്ങന്നൂർ: തിരുവനന്തപുരത്തുനിന്ന് കോട്ടയംവഴി കാസർകോടിനുള്ള വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ തിങ്കളാഴ്ച മുതൽ രണ്ടുമിനിറ്റ് സ്റ്റോപ് അനുവദിച്ചു. രാവിലെ 6.53ന് ചെങ്ങന്നൂരിലെത്തി 6.55ന് പുറപ്പെടും. വൈകീട്ട് 8.46ന് മടങ്ങിയെത്തി 8.48ന് സ്റ്റേഷൻ വിടും.
ശബരിമല സീസൺ കാലത്തേക്ക് താൽക്കാലിക സ്റ്റോപ് അനുവദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ ഉത്തരവിൽ സ്റ്റോപ് സ്ഥിരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 6.53ന് ചെങ്ങന്നൂരിലെത്തുന്ന വന്ദേഭാരതിന് യാത്രക്കാരും നാട്ടുകാരും സ്വീകരണം നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.