പാലക്കാട്: വയനാട്ടിലെ സംഭവ വികാസങ്ങളിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിഷ്ക്രിയനെന്ന് വി.ഡി. സതീശൻ. നിയമസഭയിൽ നിരന്തരം വന്യജീവി വിഷയം ഉന്നയിച്ചിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെയുള്ള വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ സർക്കാറിന് ഒരു പദ്ധതിയുമില്ല. പുൽപ്പള്ളിയിൽ ഇപ്പോൾ നടക്കുന്നത് ഭയത്തിൽ നിന്നുള്ള വൈകാരിക പ്രതികരണമാണെന്നും സതീശൻ പറഞ്ഞു.
വന്യജീവി ആക്രമണം നേരിട്ടവർക്ക് സർക്കാർ കൃത്യമായി നഷ്ടപരിഹാരം കൊടുക്കുന്നില്ല. 7000 പേർക്ക് നഷ്ടപരിഹാരം കൊടുക്കാനുണ്ട്. വന്യജീവികളാൽ വനാതിർത്തിയിൽ മനുഷ്യൻ കൊല്ലപ്പെടുകയും കൃഷി പൂർണമായി നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.