ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സ്വീകരിച്ചാണ് സ്റ്റേ. ഇതോടെ ഫൈസലിന് എം പി സ്ഥാനം തിരിച്ച് ലഭിക്കും. ഫൈസലിന്റെ ഹര്‍ജിയില്‍ ലക്ഷദ്വീപ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
രണ്ടാമതും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന കവരത്തി കോടതിയുടെ വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കിയത്.
മുൻ എംപി പി എം സെയ്‌ദിന്റെ മരുമകൻ മുഹമദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലക്ഷദ്വീപ് സെഷൻസ് കോടതി ജനുവരി പതിനൊന്നിനാണ് ഫൈസലടക്കം മൂന്നുപേർ കുറ്റക്കാരാണെന്ന് വിധിക്കുകയും ശിക്ഷിക്കുകയും ചെയ്‌തത്. അന്നുതന്നെ എൻസിപി എംപിയായ ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ് അയോഗ്യനാക്കിയിരുന്നു.