വടകര : വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര സ്വദേശിനി നീഷ്മയെ അറസ്റ്റ് ചെയ്തത്.
വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതികളായ കീർത്തനയെയും കാവ്യയെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയായിരുന്നു കീർത്തന. ഇവർ വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ആവശ്യമുള്ളവർ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കായിരുന്നു. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷൻ പണം നൽകിയവർക്ക് ഇവർ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.
ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാർ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ആവശ്യപ്പെട്ട് പണം നൽകിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്കൂൾ വിദ്യാർത്ഥികൾ ഇരയാക്കപ്പെട്ടോ എന്നും പൊലീസ് അന്വേഷിക്കും. കേസിൽ കൂടുതൽ അധ്യാപകർ നിരീക്ഷണത്തിലാണ്.
