വടകര ∙ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകൾക്ക് ഏർപ്പെടുത്തിയ യൂസർ ഫീ പിൻവലിക്കുകയോ കുറയ്ക്കുകയോ ഇല്ലെന്ന് ഉറപ്പായി. ഒരു മാസം മുൻപാണ് ട്രാക്കിൽ നിർത്തുന്ന ഓട്ടോറിക്ഷകൾ 3 മാസം കൂടുമ്പോൾ 590 രൂപ വീതം അടയ്ക്കണമെന്ന ഉത്തരവ് റെയിൽവേ ഇറക്കിയത്. പണം അടയ്ക്കാത്ത ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തുകയും ചെയ്തു.
തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷകൾ വരാത്തതു കൊണ്ട് നൂറുകണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിയിരുന്നു. പ്രശ്നം പരിഹരിക്കാൻ വടകര പൊലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ റെയിൽവേ അധികൃതരും ഓട്ടോറിക്ഷ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സെപ്റ്റംബർ 10 വരെ നിലവിലുള്ള സ്ഥിതി തുടരാമെന്നും ഇതിനിടയിൽ ഫീ കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യുന്ന കാര്യത്തിൽ സതേൺ റെയിൽവേയുടെ ഉന്നത അധികൃതരെ കണ്ട് ചർച്ച നടത്താമെന്നും ധാരണയായി.
ഓട്ടോ ഡ്രൈവർമാർ ഇതിനുള്ള ശ്രമം നടത്തി ബന്ധപ്പെട്ടവരെ കാണുകയും എംപിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. അനുകൂല നടപടി പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് ഇന്നലെ റെയിൽവേ അധികൃതർ വീണ്ടും ഫീ അടക്കാനുള്ള നോട്ടിസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചത്. നേരത്തേ തീരുമാനിച്ച ഫീ തന്നെയാണ് ആവശ്യപ്പെടുന്നത്. അടച്ചില്ലെങ്കിൽ ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തും. ഇതിനുള്ള പരിശോധന 10ന് തുടങ്ങും.
റെയിൽവേ നടപടിക്കെതിരെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തു വന്നു. വർഷം രണ്ടായിരം രൂപ യൂസർ ഫീ ആയി ഈടാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ദിവസം മുന്നൂറോളം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ആളെ ഇറക്കി പോകുന്നവരും യാത്രക്കാരെ കയറ്റുന്നുണ്ട്.
ഇത്രയും തുക അടയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കുകയോ തുക കുറയ്ക്കുകയോ ചെയ്യാത്ത പക്ഷം അടുത്ത ദിവസം മുതൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓട്ടോ സർവീസ് നിർത്താനാണ് ഡ്രൈവർമാരുടെ തീരുമാനം. ബഹിഷ്കരണ മുന്നറിയിപ്പുമായി ഓട്ടോ ഡ്രൈവർമാർ സ്റ്റേഷൻ പരിസരത്ത് ബാനറും നോട്ടിസും പതിച്ചു.