വടകര: നഗരത്തിൽ തെരുവുനായുടെ കടിയേറ്റ് അഞ്ച് പേർക്ക് പരിക്ക്. പുറങ്കര വളപ്പിൽ ഗണേശൻ (62), പുതിയാപ്പ് ടി. ദേവദാസ് (42), കുരിക്കിലാട് സുധീഷ് (49), കൈനാട്ടി രാജു (66), പയനീർ കുന്നുമ്മൽ ഹമീദ് (48) എന്നിവർക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച ഉച്ച ഒരു മണിയോടെയാണ് സംഭവം. പഴയ സ്റ്റാൻഡിനോട് ചേർന്ന് എടോടി, കരിമ്പന പാലം എന്നിവിടങ്ങളിൽനിന്നാന്ന് നായുടെ കടിയേറ്റത്. കണ്ണിൽ കണ്ടവരെയൊക്കെ നായ് കടിക്കുകയായിരുന്നു. ടൗണിന്റെ പല ഭാഗങ്ങളിൽനിന്നും നായുടെ പരാക്രമം തുടങ്ങിയതോടെ ടൗണിലുള്ളവർ പരക്കംപായുകയുണ്ടായി. ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരെയാണ് നായ് കടിച്ചത്.
കഴിഞ്ഞമാസം പുതിയ സ്റ്റാൻഡിനോട് ചേർന്ന വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചിരുന്നു. ടൗണിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമായിട്ട് ഒരു നടപടിയും ഉണ്ടാവുന്നില്ല. പരിക്കേറ്റവർ വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സതേടി.