‘വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്‍റെ പ്രിന്‍റഡ് വെർഷനാണ് പാലക്കാട് കണ്ടത്’; എൽ.ഡി.എഫ് പത്ര പരസ്യത്തിനെതിരെ രാഹുൽ

news image
Nov 19, 2024, 8:46 am GMT+0000 payyolionline.in

പാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ മുസ് ലിം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള എൽ.ഡി.എഫ് പത്ര പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്‍റെ പ്രിന്‍റഡ് വെർഷനാണ് പാലക്കാട് കണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം വർഗീയ കാർഡ് ഇറക്കുമെന്ന് തങ്ങൾ പറഞ്ഞിരുന്നു. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് ആണ് ഇറക്കിയത്. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന്‍റെ ഡിജിറ്റൽ വെർഷനാണെങ്കിൽ പാലക്കാട്ടേത് പ്രിന്‍റഡ് വെർഷനാണ്. സി.പി.എമ്മിന് കുറച്ചെങ്കിലും നാണം വേണം. എട്ട് വർഷം അധികാരത്തിലുള്ള സർക്കാർ വികസനനേട്ടങ്ങളെ കുറിച്ച് പത്രങ്ങളിൽ പരസ്യം കൊടുക്കുകയാണ് വേണ്ടത്. പച്ചക്ക് വർഗീയത പറയാതെ വികസനനേട്ടം പറഞ്ഞ് വോട്ട് പിടിക്കുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമത്തിനെതിരായ സമരത്തിൽ കേസെടുത്ത് മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും പിണറായി വിജയനുമാണ്. പൗരത്വ വിഷയത്തിലെ കേസുകൾ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി പറഞ്ഞിരുന്നു. എന്നാൽ, കേസ് റദ്ദാക്കിയിട്ടില്ല. ഇപ്പോൾ ഇതൊക്കെ പറയാൻ ചില്ലറ ഉളുപ്പ് പോരെന്നും രാഹുൽ വ്യക്തമാക്കി.

മുസ്​ലിം സമുദായത്തിന്‍റെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ കുറിച്ച് സി.പി.എമ്മിന് ഇപ്പോഴും ബോധ്യമായിട്ടില്ല. അവർക്ക് തീരുമാനം എടുക്കാൻ അറിയാം. സി.പി.എമ്മിന്‍റെ ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണനത്തിനൊപ്പം നിൽക്കാൻ ജനങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇവരുടെ പീഡനങ്ങളാണ് ജനം ചർച്ച ചെയ്യുന്നത്.

ഒരാൾ സംഘ്പരിവാർ വിട്ട് ഒരു മതേതര പ്രസ്ഥാനത്തിൽ ചേരുന്നതിൽ സി.പി.എമ്മിന് എന്താണിത്ര വേദനയെന്ന് രാഹുൽ ചോദിച്ചു. ഒരാളുടെ മുൻകാല ചെയ്തികളാണ് എടുക്കുന്നതെങ്കിൽ ഒ.കെ വാസുവിന്‍റെ മുൻകാല ചെയ്തികൾ എടുത്താണോ ഓഡിറ്റ് ചെയ്തത്. ഒ.കെ വാസു സി.പി.എമ്മിൽ വന്നതിനോട് നമുക്ക് യോജിപ്പാണ്.

ഒരു വർഗീയ പ്രസ്ഥാനത്തോട് വിട പറഞ്ഞ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. സന്ദീപ് വാര്യർ ആർ.എസ്.എസ് വിട്ട് ഒരു മതേതര സംവിധാനത്തിലേക്ക് വരുമ്പോൾ സന്തോഷിക്കുകയാണ് രാജ്യത്തെ മതേതരവാദികൾ ചെയ്യുന്നത്. എന്നാൽ, സംഘ്പരിവാറുകാർ ദുഃഖിക്കുന്നുണ്ട്. ആ സംഘ് പരിവാറിന്‍റെ മനസ് ആണ് സി.പി.എമ്മിനുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യമാണ് വിവാദമായത്. ബി.​ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസത്തെ എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം.

ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്. സുപ്രഭാതം പാലക്കാട് എഡിഷനിലും സിറാജ് മലപ്പുറം എഡിഷനിലുമാണ് പരസ്യമുള്ളത്. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ പരസ്യം നൽകിയിട്ടുമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe