വടം പൊട്ടി, അർജുന്റെ ലോറി ഇന്ന് കരയ്ക്ക് കയറ്റില്ല, നാളെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും, മൃതദേഹം മോർച്ചറിയിൽ

news image
Sep 25, 2024, 5:43 pm GMT+0000 payyolionline.in

ബെംഗ്ളൂരു : 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി വടം പൊട്ടിയതിനാൽ ഇന്ന് കരക്ക് കയറ്റാനായില്ല. നാളെ രാവിലെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും. അർജുന്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് ഉയർത്തി. എന്നാൽ വടംപൊട്ടിയതിനാൽ നാളെയാകും ലോറി കരയ്ക്ക് എത്തിക്കുക. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകാൻ നടപടി സ്വീകരിക്കും.

ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം

ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗം അർജ്ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം. അർജുൻ്റെ വീട്ടിലെത്തിയ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയോട് ഇക്കാര്യം ആവശ്യപ്പെട്ടു. കർണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സർക്കാർ വേണ്ട എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും തോട്ടത്തിൽ രവീന്ദ്രൻ പ്രതികരിച്ചു. പിന്നാലെ എംഎൽഎ എകെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിച്ചു. പിന്നീട് മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പ് കുടുംബത്തിന് മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ച‍ർച്ചയുടെ അടിസ്ഥാനത്തിൽ എംഎൽഎ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ്പിയെയും അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe