ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

news image
Mar 10, 2025, 3:05 pm GMT+0000 payyolionline.in

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു.

കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe